This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോശങ്ങള്‍ (വിജ്ഞാനസാഹിത്യത്തില്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോശങ്ങള്‍ (വിജ്ഞാനസാഹിത്യത്തില്‍)

സര്‍വവിജ്ഞാനകോശ, വിശ്വസാഹിത്യവി‍ജ്ഞാനകോശ - വാല്യങ്ങള്‍

പദങ്ങളെയോ വിജ്ഞാനവിഷയങ്ങളെയോ കുറിച്ച് വിവരങ്ങള്‍ നല്കുന്ന പ്രാമാണികഗ്രന്ഥങ്ങള്‍. വിജ്ഞാനത്തിന്റെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതുകോശഗ്രന്ഥങ്ങളും പ്രത്യേക വിജ്ഞാനശാഖയ്ക്കു മാത്രമുള്ള വിഷയാധിഷ്ഠിത കോശഗ്രന്ഥങ്ങളും ഉണ്ട്. കോശഗ്രന്ഥങ്ങളെ ശബ്ദകോശം (Dictionary-Lexicon), വിജ്ഞാനകോശം (Encyclopaedia) എന്നിങ്ങനെ വര്‍ഗീകരിക്കാം. ശബ്ദകോശങ്ങളെ വീണ്ടും പര്യായകോശങ്ങളെന്നും നാനാര്‍ഥകോശങ്ങളെന്നും വിഭജിക്കാം. ആധികാരികവും സംക്ഷിപ്തവും വ്യക്തവുമായിരിക്കും കോശഗ്രന്ഥത്തിലെ വിവരങ്ങള്‍. വിഷയങ്ങള്‍ എളുപ്പം കണ്ടുപിടിക്കത്തക്കവണ്ണം ശീര്‍ഷകങ്ങള്‍ പൊതുവേ അകാരാദിക്രമത്തിലാണ് കൊടുക്കുക.

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക

വിജ്ഞാനകോശങ്ങളും ശബ്ദകോശങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. വിജ്ഞാനകോശങ്ങള്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. ശബ്ദകോശങ്ങളാകട്ടെ, പദങ്ങളുടെ അര്‍ഥം, നിഷ്പത്തി തുടങ്ങിയ കാര്യങ്ങളാണ് വിവരിക്കുന്നത്. ഒരു പദത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ (അര്‍ഥം, 'അക്ഷരവിന്യാസം', ഉച്ചാരണം മുതലായവ) അറിയാന്‍ നോക്കേണ്ടത് ശബ്ദകോശമാണ്, വിജ്ഞാനകോശമല്ല. കോശം, നിഘണ്ടു എന്നീ പദങ്ങള്‍ പര്യായങ്ങളായി പ്രയോഗിക്കാറുണ്ട്. എന്നാലും, പ്രായേണ വിജ്ഞാനകോശങ്ങളെ കോശഗ്രന്ഥങ്ങളെന്നും (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, വിശ്വവിജ്ഞാനകോശം, സര്‍വവിജ്ഞാനകോശം, അഖിലവിജ്ഞാനകോശം തുടങ്ങിയവ) ശബ്ദകോശങ്ങളെ നിഘണ്ടുക്കളെന്നും (ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി, അമരകോശം, രാമായണ്‍കോഷ്, ബുണ്ടേലി കഹാവത് കോഷ്, ശബ്ദതാരാവലി, മലയാളം ലെക്സിക്കണ്‍ തുടങ്ങിയവ) പറയുന്നു.


ശബ്ദകോശങ്ങള്‍

സാമാന്യവിവരണം

ഭാരതത്തില്‍ ആദ്യകാലത്തുണ്ടായ ശബ്ദകോശങ്ങള്‍ പര്യായകോശങ്ങളോ നാനാര്‍ഥകോശങ്ങളോ, ഇവ രണ്ടും ചേര്‍ന്നവയോ ആയിരുന്നു. ഇത്തരം കോശങ്ങള്‍ ആധുനിക ശബ്ദകോശസങ്കല്പത്തിലുള്ളവയല്ല. ഹൃദിസ്ഥമാക്കാന്‍ പാകത്തിലാണ് ഈ കോശങ്ങളുടെ നിര്‍മിതി. ഇന്നത്തെപ്പോലെ അകാരാദിക്രമത്തിലല്ല പദങ്ങളുടെ സംവിധാനം. വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഭജനമാണ് ഇവയുടെ പൊതുസ്വഭാവം. ഇങ്ങനെയുള്ള ശബ്ദകോശങ്ങള്‍ യൂറോപ്യന്‍ ഭാഷകളില്‍ കാണുന്നില്ല. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് അമരസിംഹന്റെ (4-ാം ശ.) അമരകോശം (നോ. അമരകോശം). ഈ ഗ്രന്ഥത്തിന് സംസ്കൃതത്തില്‍ നാല്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായി. സുഭൂതിചന്ദ്രന്റെ (12-ാം ശ.) കാമധേനു, ക്ഷീരസ്വാമിയുടെ (11-ാം ശ.) അമരകോശോദ്ഘാടനം, സര്‍വാനന്ദന്റെ (12-ാം ശ.), ടീകാസര്‍വസ്വം, ത്രിലോചനദാസന്റെ (12-ാം ശ.), അമരകോശടീക, പ്രേമാനന്ദ ശര്‍മയുടെ (14-ാം ശ.) അമരകോശമാല, റായമകുടയുടെ (15-ാം ശ.) പദചന്ദ്രിക, അപ്പയ്യദീക്ഷിതരുടെ (16-ാം ശ.) അമരകോശടീക, നാരായണചക്രവര്‍ത്തിയുടെ (17-ാം ശ.) പദാര്‍ഥകൌമുദി, ഭരതസേനന്റെ (17-ാം ശ.) മുഗ്ധബോധിനി, ഭാനുജി ദീക്ഷിതരുടെ (17-ാം ശ.) വ്യാഖ്യാസുധ (സുബോധിനി), ലിംഗഭട്ടന്റെ (18-ാം ശ.) അമരകോശ പദവിവൃതി, മധുരേശന്റെ (17-ാം ശ.) സുരസുന്ധരി, നാരായണവിദ്യാവിനോദന്റെ (17-ാം ശ.) ശബ്ദാര്‍ഥ സന്ദീപിക, പുരുഷോത്തമന്റെ അമരദ്യോത, മഹേശ്വര സുഖ് രുങ്കറിന്റെ ശിശുബോധിനി തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, കേരളസര്‍വകലാശാലയുടെ മലയാളം ലെക്സിക്കണ്‍ എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട ശബ്ദകോശങ്ങളാണ്.

അമരകോശത്തിനുമുമ്പ്

അമരകോശത്തിനു മുമ്പുതന്നെ സംസ്കൃതത്തില്‍ നിഘണ്ടുക്കളും പര്യായകോശങ്ങളും നാനാര്‍ഥകോശങ്ങളും ഉണ്ടായിട്ടുണ്ട്. പ്രാതിശാഖ്യഗ്രന്ഥങ്ങളും യാസ്കന്റെ നിരുക്തവും ആദ്യകാല പദകോശങ്ങളില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. വ്യാഡി, കാത്യായനന്‍, ധന്വന്തരി, ഹേമചന്ദ്രന്‍, മഹേശ്വരന്‍, കേശവന്‍, പുരുഷോത്തമന്‍ തുടങ്ങിയവര്‍ ഇത്തരം ശബ്ദകോശങ്ങളുടെ കര്‍ത്താക്കളാണ്. വ്യാഡിയുടെയും കാത്യായനന്റെയും കോശഗ്രന്ഥങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നത് പില്ക്കാല കോശഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളില്‍നിന്നാണ്. ധന്വന്തരിയുടെ ധന്വന്തരീ നിഘണ്ടുവില്‍ ഔഷധച്ചെടികളുടെ പേരുകളും അവയുടെ ഗുണങ്ങളും വിവരിച്ചിരിക്കുന്നു.

പര്യായകോശങ്ങള്‍

അമരകോശത്തെ അനുകരിച്ച് ഒട്ടേറെ കോശഗ്രന്ഥങ്ങള്‍ ഉണ്ടായി. ശാശ്വതന്റെ (6-ാം ശ.) അനേകാര്‍ഥസമുച്ചയ (ശാശ്വതകോശ)ത്തില്‍ അമരകോശത്തിലെ പദ്യങ്ങള്‍ തന്നെ എടുത്തുചേര്‍ത്തിട്ടുണ്ട്. ഇതുപോലൊരു കോശമാണ് മഹാക്ഷപണകന്റെ (9-ാം ശ.) അനേകാര്‍ഥധ്വനിമഞ്ജരി. അനേകാര്‍ഥമഞ്ജരി, അനേകാര്‍ഥ പദമഞ്ജരി, കവിസഞ്ജീവ നിഘണ്ടു എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അമരകോശത്തോടു സാദൃശ്യമുള്ള മറ്റൊരുകോശമാണ് ഹലായുധന്റെ (10-ാംശ.) അഭിധാനരത്നമാല. ഇതില്‍ സ്വര്‍ഗകാണ്ഡം, ഭൂമികാണ്ഡം, പാതാളകാണ്ഡം, സാമാന്യകാണ്ഡം, അനേകാര്‍ഥകാണ്ഡം എന്നിങ്ങനെ അഞ്ചു കാണ്ഡങ്ങളുണ്ട്. യാദവപ്രകാശന്റെ (12-ാം ശ.) വൈജയന്തികോശത്തിലും പര്യായപദങ്ങളും അനേകാര്‍ഥപദങ്ങളും അടങ്ങിയിരിക്കുന്നു. ഇതിലും പര്യായപദങ്ങളെ സ്വര്‍ഗകാണ്ഡം, അന്തരീക്ഷകാണ്ഡം, ഭൂമികാണ്ഡം, പാതാളകാണ്ഡം, സാമാന്യകാണ്ഡം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. അനേകാര്‍ഥപദങ്ങളെ ദ്വ്യക്ഷരകാണ്ഡം, ത്ര്യക്ഷരകാണ്ഡം, ശേഷകാണ്ഡം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. വൈദികശബ്ദങ്ങള്‍കൂടി ചേര്‍ത്തിട്ടുണ്ടെന്നുള്ളതാണ് വൈജയന്തികോശത്തിന്റെ പ്രത്യേകത. ഇതിന്റെ കൈയെഴുത്തു പ്രതികള്‍ ദക്ഷിണഭാരതത്തില്‍ നിന്നാണ് കിട്ടിയിട്ടുള്ളത്. അതുകൊണ്ട് ഇതിന്റെ കര്‍ത്താവായ യാദവപ്രകാശന്‍ ദാക്ഷിണാത്യനാണെന്ന് കരുതപ്പെടുന്നു. അമരകോശത്തിന്റെ അനുബന്ധമായി കണക്കാക്കാവുന്ന ശബ്ദകോശമാണ് പുരുഷോത്തമദേവന്റെ (11-ാം ശ.) ത്രികാണ്ഡകോശം (അമരവിവേകം, അമരശേഷം എന്നും ഇതിനു പേരുണ്ട്). അമരകോശത്തിലില്ലാത്ത പല പദങ്ങളും അമരശേഷത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഹേമചന്ദ്രന്റെ അഭിധാനചിന്താമണി പര്യായപദങ്ങളും അനേകാര്‍ഥപദങ്ങളും അടങ്ങിയ കോശമാണ്. പര്യായപദങ്ങളെ ദേവാധിദേവകാണ്ഡം, ദേവകാണ്ഡം, മര്‍ത്യകാണ്ഡം, ഭൂമികാണ്ഡം, നരകകാണ്ഡം, സാമാന്യകാണ്ഡം എന്നിങ്ങനെ ആറായി വിഭജിച്ചിരിക്കുന്നു. രണ്ടാം ഭാഗം പ്രക്ഷിപ്തമാണെന്നും അഭിപ്രായമുണ്ട്. അഭിധാനചിന്താമണിക്ക് എട്ടിലധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടു. മാധവകരന്റെ (17-ാം ശ.) പര്യായരത്നമാല, ഹരിചരണസേനന്റെ പര്യായമുക്താവലി എന്നിവയും ഈ ഗണത്തില്‍പ്പെടുന്നു. ഇംഗ്ലീഷിലെ ഥിസോറസ് (Thesauru) സംസ്കൃതത്തിലെ പര്യായനിഘണ്ടുവിനു സമാനമാണ്.

അനേകാര്‍ഥകോശങ്ങള്‍.

പര്യായകോശങ്ങള്‍ക്കെന്നപോലെ അനേകാര്‍ഥകോശങ്ങള്‍ക്കും സംസ്കൃതത്തില്‍ പ്രാധാന്യം കല്പിച്ചിരുന്നു. അജയപാലന്റെ അനേകാര്‍ഥകോശം, മംഖന്റെ അനേകാര്‍ഥകോശം, ഹേമചന്ദ്രന്റെ അനേകാര്‍ഥസംഗ്രഹം, കേശവന്റെ നാനാര്‍ഥാര്‍ണവസംക്ഷേപം, മേദിനീകരന്റെ (13-ാം ശ.) മേദിനീകോശം, മഹീപന്റെ അനേകാര്‍ഥതിലകം (നാനാര്‍ഥതിലകം), ഇരുഗപ്പദണ്ഡാധിനാഥന്റെ (14-ാം ശ.) നാനാര്‍ഥരത്നമാല തുടങ്ങിയവ പ്രധാനപ്പെട്ട നാനാര്‍ഥകോശങ്ങളാണ്. കേശവന്റെ നാനാര്‍ഥാര്‍ണവസംക്ഷേപത്തില്‍ ആറു കാണ്ഡങ്ങളിലായി 5,800-ഓളം പദ്യങ്ങളുണ്ട്. ഇതിലും വൈദികശബ്ദങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിജ്ഞാനകോശങ്ങള്‍

സാമാന്യവിവരണം

പ്രത്യേക വിജ്ഞാനമേഖലയെ സമഗ്രമായി വിവരിക്കുന്ന കോശഗ്രന്ഥങ്ങളും സകലവിജ്ഞാനശാഖകളെയും സാമാന്യമായി പ്രതിപാദിക്കുന്ന കോശഗ്രന്ഥങ്ങളും ഉണ്ട്. ഇവ യഥാക്രമം വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളെന്നും പൊതുവിജ്ഞാനകോശങ്ങളെന്നും അറിയപ്പെടുന്നു. വരാഹമിഹിരന്റെ (6-ാം ശ.) ബൃഹത്സംഹിത ജ്യോതിശ്ശാസ്ത്രവിഷയകമായ വിജ്ഞാനകോശമാണ്. ജീവാനന്ദഭട്ടാചാര്യ, വിദ്യാസാഗരബാലശാസ്ത്രി, വി. സുബ്രഹ്മണ്യശാസ്ത്രി, എച്ച്. കേണ്‍, എം.എം. സുധാകരദ്വിവേദി എന്നിവര്‍ ബൃഹത്സംഹിതയ്ക്ക് വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. ചക്രപാണിദത്തന്റെ (11-ാം ശ.) ശബ്ദചന്ദ്രിക സസ്യങ്ങളെയും രാസവസ്തുക്കളെയും പറ്റി വിശദമായി ചര്‍ച്ചചെയ്യുന്ന വൈദ്യശാസ്ത്രനിഘണ്ടുവാണ്. സുരേശ്വരന്റെ (11-ാം ശ.) സസ്യശാസ്ത്രനിഘണ്ടുവാണ് ശബ്ദപ്രദീപം. വോപദേവന്റെ ഹൃദയദീപിക (വൈദ്യശാസ്ത്ര ശബ്ദാവലി, 13-ാം ശ.) ത്രിമല്ലഭട്ടന്റെ ദ്രവ്യഗുണശതശ്ലോകി (വൈദ്യശാസ്ത്രം 15-ാം ശ.) കൃഷ്ണദത്തന്റെ ശതശ്ലോകീടിക (17-ാം ശ.) മദനപാലന്റെ മദനവിനോദനിഘണ്ടു (മദ്യങ്ങളും മരുന്നുകളും, 14-ാം ശ.), നരഹരിയുടെ രാജനിഘണ്ടു (വൈദ്യശാസ്ത്രം, 14-ാം ശ.), കയ്യദേവന്റെ പഥ്യാപഥ്യാവബോധനിഘണ്ടു (ഭക്ഷ്യവസ്തുക്കള്‍, 14-ാം ശ.), വേദാംഗരായന്റെ പാരസിപ്രകാശം (ജ്യോതിശ്ശാസ്ത്രം, 17-ാം ശ.), വേണീദത്തന്റെ പഞ്ചതത്ത്വപ്രകാശം (ഭൂതവസ്തുക്കള്‍, 17-ാം ശ.), രഘുനാഥന്റെ രാജവ്യവഹാരകോശം (രാഷ്ട്രം, സമൂഹം, 17-ാം ശ.), ശിവദത്തന്റെ ശിവകോശം (വൈദ്യശാസ്ത്രം, 17-ാം ശ.) തുടങ്ങിയവ സംസ്കൃതത്തിലെ വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇംഗ്ലീഷിലെ വിശ്വപ്രസിദ്ധമായ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക (1768), ഇറ്റാലിയനിലെ എന്‍സൈക്ലോപീഡിയ ഇറ്റാലിയാന (1929-39), റഷ്യനിലെ ഗ്രെയ്റ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ (1926-47), ചൈനീസിലെ ഷുയുവാന്‍ (1915), ജാപ്പനീസിലെ സെകായി ദായി ഹിയാക (1945-68), ബംഗാളിയിലെ വിശ്വകോശ് (1910), ഹിന്ദിയിലെ വിശ്വകോശ് (1916-41), മലയാളത്തിലെ വിശ്വവിജ്ഞാനകോശം (1966-72), സര്‍വവിജ്ഞാനകോശം (1972- ) അഖിലവിജ്ഞാനകോശം (1988-89) തുടങ്ങിയവ പൊതുവിജ്ഞാനകോശങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. എന്‍സൈക്ലോപീഡിയ ഒഫ് ഫിലോസഫി (1967), എന്‍സൈക്ലോപീഡിയ ഒഫ് സോഷ്യല്‍ സയന്‍സസ് (1930-35), മക്ഗ്രാഹില്‍ എന്‍സൈക്ലോപീഡിയ ഒഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി (3-ാം പ. 1971), എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ആര്‍ട്ട് (1959-68), കാസല്‍സ് എന്‍സൈക്ലോപീഡിയ ഒഫ് ലിറ്റ്റെച്ചര്‍ (2-ാം പതിപ്പ്, 1973), മക്ഗ്രാഹില്‍ എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ബയോഗ്രഫി (1973), കിര്‍ക്-ഓത്മെര്‍ എന്‍സൈക്ലോപീഡിയ ഒഫ് കെമിക്കല്‍ ടെക്നോളജി തുടങ്ങിയവ ഇംഗ്ലീഷിലെ വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള വിജ്ഞാനകോശങ്ങളും ഉണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലകൈരളി വിജ്ഞാനകോശം, പ്രഭാതിന്റെ ബാലവിജ്ഞാനകോശം, സ്റ്റെപ്സിന്റെ കുട്ടികള്‍ക്കുള്ള ജീവചരിത്രകോശം എന്നിവ ബാലവിജ്ഞാനകോശങ്ങള്‍ക്കുദാഹരണമാണ്.

വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളുടെ ബാഹുല്യംതന്നെ വിവിധ ലോകഭാഷകളില്‍ സംഭവിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് ഈ പ്രവണത കൂടുതല്‍ ദൃശ്യമാകുന്നത്. സോഷ്യോളജി, ആന്ത്രേപ്പോളജി, കംപ്യൂട്ടര്‍ സയന്‍സ്, ചരിത്രം, സാമ്പത്തികശാസ്ത്രം, സോഷ്യല്‍വര്‍ക്ക്, ക്രിട്ടിക്കല്‍ തിയറി, നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങളെയും ഉപവിഷയങ്ങളെയും കേന്ദ്രീകരിച്ചുള്ള വിജ്ഞാനകോശങ്ങള്‍ ഇന്ന് ലഭ്യമാണ്. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഇതര സാങ്കേതിക വിദ്യകളുടെ വികാസം എന്നിവ വിജ്ഞാനകോശങ്ങളുടെ രൂപഭാവങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. നിരവധി വാല്യങ്ങളിലുള്ള കോശങ്ങള്‍ സിഡി-ഡിവിഡി-റോമുകളിലായി വിജ്ഞാനകുതുകികളില്‍ എത്തിക്കുന്നു. ആനിമേഷന്‍, വീഡിയോ, ഓഡിയോ തുടങ്ങിയ മാധ്യമ സാധ്യതകളെ പരമാവധി ഉപയോഗിച്ച് വിജ്ഞാനകോശങ്ങളെ നവീകരിക്കാനും ഇതിലൂടെ സാധിക്കുന്നു. ഹൈപ്പര്‍ ലിങ്ക് സൗകര്യവും ഇവയില്‍ ഉപയോഗിക്കുന്നു.

ഇന്റര്‍നെറ്റിന്റെ വരവോടെ വിജ്ഞാനകോശങ്ങളുടെ മുഖച്ഛായ വീണ്ടും മാറി. ആര്‍ക്കും എവിടെനിന്നും ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ തെരഞ്ഞ് കണ്ടുപിടിക്കാവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങള്‍ ഇതുവഴി സാധ്യമായി. വിവരങ്ങള്‍ അപ്പപ്പോള്‍ നവീകരിക്കാനും വായനക്കാരിലെത്തിക്കാനും ഇന്റര്‍നെറ്റിന്റെയും പുതുസാങ്കേതികവിദ്യകളുടെയും വരവ് വൈജ്ഞാനികമേഖലയെ സഹായിച്ചിട്ടുണ്ട്.

എന്‍സൈക്ലോപീഡിയ അമേരിക്കാനാ

1993-ല്‍ റിക്ക് ഗേറ്റ്സ് 'ഇന്റര്‍ പീഡിയ' എന്ന പേരില്‍ ആദ്യത്തെ സ്വതന്ത്ര വിജ്ഞാനകോശം ആരംഭിച്ചു. തുടര്‍ന്ന് 1999-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നുപീഡിയ (പിന്നീട് GNE) എന്ന മറ്റൊരു സ്വതന്ത്ര വിജ്ഞാനകോശവും ആരംഭിക്കുകയുണ്ടായി. ബോമിസ്, ലാറി സന്‍ഗര്‍ എന്നിവരുടെ സഹായത്തോടെ ജിമ്മി വെയില്‍സ് സ്ഥാപിച്ച നുപീഡിയ എന്ന ഇംഗ്ലീഷ് വെബ് അധിഷ്ഠിത വിജ്ഞാനകോശം 2000 മാര്‍ച്ച് മുതല്‍ 2003 സെപ്തംബര്‍ വരെ പ്രവര്‍ത്തിച്ചിരുന്നു. വിദഗ്ധര്‍ ലേഖനങ്ങളെഴുതുകയും ഉള്ളടക്കം സ്വതന്ത്രമായി നല്‍കുകയുമാണ് അവര്‍ ചെയ്തിരുന്നത്. ഇന്നത്തെ വിക്കിപീഡിയയുടെ മുന്‍ഗാമിയായി ഇതിനെ കണക്കാക്കാം. ആര്‍ക്കും എവിടെനിന്നും എഴുതാനും കൂട്ടിച്ചേര്‍ക്കാനും തിരുത്താനും കഴിയുംവിധമാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തനം. പരിശോധനയ്ക്കായി ഒരു വിദഗ്ധസമിതിയും ഉണ്ട്. 2004-ല്‍ മൂന്നു ലക്ഷം ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷിലെ ഏറ്റവും വലിയ വിജ്ഞാനകോശമായിരുന്നു വിക്കിപീഡിയ. 2005-ല്‍ അത് 20 ലക്ഷമായി വര്‍ധിച്ചു. 80 ഭാഷകളില്‍ വിക്കിപീഡിയ സജീവമായി. 2009-ല്‍ ഇംഗ്ലീഷില്‍മാത്രം 30 ലക്ഷം ലേഖനങ്ങളും വേറെ 250 ഭാഷകളിലും വിക്കിപീഡിയ ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 2002 ഡിസംബര്‍ മുതലാണ് മലയാളത്തില്‍ വിക്കിപീഡിയ ആരംഭിച്ചത്. മലയാളം വിക്കിയില്‍ ഏകദേശം 22,788 ലേഖനങ്ങളാണുള്ളത്. സമാന്തരമായി ചൈനീസ് ഭാഷയില്‍ 'ബൈദുബൈകെ', 'ഹുദോന്‍ഗ്' എന്നീ സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍ പിറവിയെടുത്തു. ബ്രിട്ടാനിക്ക പോലുള്ള വിജ്ഞാനകോശങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉപയോഗിക്കാനുള്ള അവസരവും ഇന്ന് നിലനില്‍ക്കുന്നു.

മലയാളത്തില്‍

മലയാളത്തിലും വിജ്ഞാനകോശശാഖ സമ്പന്നമാണ്. ആര്‍. ഈശ്വരപിള്ളയുടെ സമസ്ത വിജ്ഞാന ഗ്രന്ഥാവലി (1936), മാത്യു എം. കുഴിവേലിയുടെ വിജ്ഞാനം (1956-66), വിദ്യാര്‍ഥിമിത്രത്തിന്റെ എന്‍സൈക്ലോപീഡിയ (1967), സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ വിശ്വവിജ്ഞാനകോശം (1966-72), കേരളസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന സര്‍വവിജ്ഞാനകോശം (1972-), ഡി.സി. ബുക്സിന്റെ അഖില വിജ്ഞാനകോശം (1988-89) തുടങ്ങിയവ മലയാളത്തിലെ പൊതുവിജ്ഞാനകോശഗ്രന്ഥങ്ങളാണ്. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ സാഹിത്യാഭരണം (1933), വി. ബാലകൃഷ്ണന്റെ കേരളസാഹിത്യവിജ്ഞാനകോശം (1969), പൈലോപോളിന്റെ പുരാണകഥാനിഘണ്ടു, ഒ.എം. ചെറിയാന്റെ ഹൈന്ദവധര്‍മ സുധാകരം, വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ (1964-68), എസ്.പി.സി.എസ്സിന്റെ നിയമവിജ്ഞാനകോശം (1988), ട്രാവന്‍കൂര്‍ പബ്ലിക്കേഷന്‍സിന്റെ നിയമവിജ്ഞാനകോശം (1988), മെഡിക്കല്‍ എന്‍സൈക്ലോപീഡിയ (1987), ദേശബന്ധു പബ്ലിക്കേഷന്‍സിന്റെ കേരള വിജ്ഞാനകോശം (1987), പ്രഭാതിന്റെ പ്രസിദ്ധീകരണമായ ആരോഗ്യവിജ്ഞാനകോശം, ഗാര്‍ഹികവിജ്ഞാനകോശം എന്നിവയും ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടെ മലയാള സാഹിത്യസര്‍വസ്വം (1988), ഡി.സി. ബുക്സിന്റെ രതിവിജ്ഞാനകോശം (1988), സ്റ്റെപ്സിന്റെ കുട്ടികള്‍ക്കുള്ള ജീവചരിത്രകോശം (1981), ഓണക്കൂര്‍ ശങ്കരഗണകന്റെ ജ്യോതിഷനിഘണ്ടു, അയ്മനം കൃഷ്ണക്കൈമളുടെ കഥകളിവിജ്ഞാനകോശം, എ.സി. ക്ലേയ്റ്റന്റെ വേദപുസ്തക നിഘണ്ടു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലകൈരളി വിജ്ഞാനകോശം (1989), ഹോര്‍ത്തുസ് മലബാറിക്കസ് (1678-1703), കെ. ഗോവിന്ദമേനോന്റെ ഭാരതീയ ഔഷധച്ചെടികള്‍, തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദ ഔഷധനിഘണ്ടു, അനേക്കളീലില്‍ എസ്. ഗോപാലപിള്ളയുടെ ആയുര്‍വേദ ഔഷധഗുണചന്ദ്രിക തുടങ്ങി ഒട്ടേറെ വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. ‍‍ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിശ്വസാഹിത്യ വിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം (2011), പരിണാമവിജ്ഞാനകോശം (2011), പരിസ്ഥിതി വിജ്ഞാനകോശം (2012) എന്നിവ മലയാളത്തില്‍ ഇറങ്ങിയ ഇതര വിജ്ഞാനകോശങ്ങളാണ്.

ഇതരവിജ്ഞാനകോശങ്ങള്‍

പര്യായ-നാനാര്‍ഥ കോശങ്ങള്‍ക്കുപുറമേ, മറ്റു തരത്തിലുള്ള കോശങ്ങളും സംസ്കൃതത്തിലുണ്ട്. പുരുഷോത്തമ ദേവന്റെ ദ്വിരൂപകോശത്തില്‍ ആഷാഢം-ആശാഢം, ഗസ്വരം-സസ്വരം, കൌശലം-കൌഷലം എന്നിങ്ങനെ ലിപി വ്യത്യാസമുള്ള പദങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ശ്രീഹര്‍ഷന്റെ (12-ാം ശ) ദ്വിരൂപകോശത്തിലും രണ്ടു രൂപങ്ങളുള്ള പദങ്ങളാണ് കൊടുത്തിട്ടുള്ളത്. അമര്‍ഷം-ആമര്‍ഷം എന്നിങ്ങനെ ലിപി വ്യത്യാസവും അര്‍ഥവ്യത്യാസവുമുള്ള പദങ്ങളാണ് മഹേശ്വരന്റെ ശബ്ദഭേദപ്രകാശ (ശബ്ദഭേദനാമമാല)ത്തിലുള്ളത്. ഒറ്റ അക്ഷരത്തിലുള്ള അനേകാര്‍ഥപദങ്ങള്‍ പുരുഷോത്തമദേവന്റെ ഏകാക്ഷരകോശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു (ഉദാ. ആ=വാസുദേവന്‍, പീതാംബരന്‍). മാധവന്റെ ഏകാക്ഷര രത്നമാലയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഹേമചന്ദ്രന്റെ നിഘണ്ടുശേഷം അദ്ദേഹത്തിന്റെ തന്നെ അഭിധാനചിന്താമണിയുടെ അനുബന്ധമാണ്. ഇതില്‍ ചെടികളുടെയും ഔഷധികളുടെയും പര്യായപദങ്ങള്‍ കൊടുത്തിരിക്കുന്നു. വൃക്ഷകാണ്ഡം, ഗുല്മകാണ്ഡം, ലതാകാണ്ഡം, ശാകകാണ്ഡം, തൃണകാണ്ഡം, ധാന്യകാണ്ഡം എന്നീ ആറു കാണ്ഡങ്ങളിലായി 396 പദ്യങ്ങളാണ് ഇതിലുള്ളത്. രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്കുന്ന വൈദ്യകോശങ്ങളുമുണ്ട്.

സാധാരണ ഭാഷാശബ്ദങ്ങള്‍ കൂടാതെ, പദങ്ങളുടെ ശുദ്ധമായ പ്രയോഗം കാണിക്കുന്ന ചില കോശഗ്രന്ഥങ്ങളും മലയാളത്തില്‍ കാണാം. അപശബ്ദശോധിനി (കെ.എന്‍. ഗോപാലപിള്ള), അപശബ്ദബോധിനി (പി. ദാമോദരന്‍ നായര്‍), സംശയനിഘണ്ടു (എന്‍.എച്ച്. ഹരന്‍), സന്ദേഹപദനിഘണ്ടു (ആര്‍.വി. ഇരണിയല്‍) തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. പദവിചാരം, വാക്യവിചാരം, ചിഹ്നനം, ശൈലികള്‍, പഴഞ്ചൊല്ലുകള്‍, വ്യാകരണനിയമങ്ങള്‍ മുതലായവ അടങ്ങിയിട്ടുള്ളതാണ് കെ.എസ്. നീലകണ്ഠനുണ്ണിയുടെ ഭാഷാപ്രയോഗ നിഘണ്ടു. ശൈലിയെപ്പറ്റിയുള്ള കോശമാണ് വടക്കുംകൂര്‍ രാജരാജവര്‍മയുടെ ശൈലീപ്രദീപം, എം.ആര്‍. നാരായണപിള്ളയുടെ പര്യായനിഘണ്ടു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്രസാങ്കേതിക മാനവിക ശബ്ദാവലികള്‍, കേരള സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ഗ്ലോസറി എന്നിവയും കോശഗ്രന്ഥങ്ങളാണ്. നോ. എന്‍സൈക്ലോപീഡിയ; നിഘണ്ടു

(ഡോ. പി. സോമശേഖരന്‍നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍